വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വന്‍വിജയം: പ്രതിദിനം 10 ടണ്‍ വിളവെടുപ്പ് | newink
Wednesday, December 7
Home>>Business>>വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വന്‍വിജയം: പ്രതിദിനം 10 ടണ്‍ വിളവെടുപ്പ്
Business

വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വന്‍വിജയം: പ്രതിദിനം 10 ടണ്‍ വിളവെടുപ്പ്

വേമ്പനാട് കായലിലെ കക്കസമ്പത്ത് പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പദ്ധതി വന്‍വിജയം. ചുരുങ്ങിയത് 10 ടണ്‍ കക്കയാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിദിനം ശേഖരിക്കുന്നത്. ഏകദേശം 1500 ടണ്‍ കക്ക ഉല്‍പാദനമാണ് കുഞ്ഞുങ്ങളെ നിക്ഷേപിച്ച ഭാഗങ്ങളില്‍ നിന്ന് സിഎംഎഫ്ആര്‍ഐ പ്രതീക്ഷിക്കുന്നത്.

ജില്ലാപഞ്ചായത്തിന് കീഴില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന കക്ക പുനരുജ്ജീവന പദ്ധതിക്ക് ശാസ്ത്ര-സാങ്കേതിക മേല്‍നോട്ടം വഹിച്ചത് സിഎംഎഫ്ആര്‍ഐയാണ്. കായലില്‍ തണ്ണീര്‍മുക്കം ബണ്ടിന് വടക്ക് ഭാഗത്ത് കീച്ചേരി, ചക്കത്തുകാട് എന്നീ പ്രദേശങ്ങളിലായി 20 ഹെക്ടറോളം ഭാഗത്ത് 2019ല്‍ 200 ടണ്‍ കക്ക കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്.

രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ ഈ ഭാഗങ്ങളില്‍ കക്കയുടെ ഉല്‍പാദനം വര്‍ധിച്ചതായി കണ്ടെത്തി. കായലിന്റെ അടിത്തട്ടില്‍ കക്ക ആവാസവ്യവസ്ഥ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും സാധിച്ചതായി സിഎംഎഫ്ആര്‍ഐയിലെ വിദഗ്ധര്‍ പറഞ്ഞു.
തോട് കളഞ്ഞ കക്ക ഇറച്ചി 150 രൂപയ്ക്കാണ് തൊഴിലാളികള്‍ വിപണിയിലെത്തിക്കുന്നത്.

വേമ്പനാട് കായലില്‍ നിന്നുള്ള കക്ക ലഭ്യത മുന്‍കാലങ്ങളില്‍ 75000 ടണ്ണിന് മുകളിലുണ്ടായിരുന്നത് 2019ല്‍ 42036 ടണ്ണായി കുറഞ്ഞിരുന്നു. എന്നാല്‍, ഈ പദ്ധതിയിലൂടെ കക്കയുടെ ഉല്‍പാദനം ഒരു പരിധിവരെയെങ്കിലും വര്‍ധിപ്പിക്കാനായി. അയ്യായിരത്തോളം പേരാണ് വേമ്പനാട് കായലില്‍ നിന്നും കക്കവാരി ഉപജീവനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *