സാമ്പാര്‍ സ്റ്റോറീസ് : സ്‌നേഹയൊരുക്കിയ രുചിഭേദങ്ങളുടെ പാരിതോഷികം | newink
Saturday, March 18
Home>>Business>>സാമ്പാര്‍ സ്റ്റോറീസ് : സ്‌നേഹയൊരുക്കിയ രുചിഭേദങ്ങളുടെ പാരിതോഷികം
Business

സാമ്പാര്‍ സ്റ്റോറീസ് : സ്‌നേഹയൊരുക്കിയ രുചിഭേദങ്ങളുടെ പാരിതോഷികം

സാമ്പാര്‍ സ്റ്റോറീസ് എന്ന സംരംഭത്തിലൂടെ രുചിഭേദങ്ങളുടെ പാരിതോഷികമൊരുക്കുകയാണ് സ്‌നേഹ സിരിവര എന്ന ബംഗളൂരു സ്വദേശിനി. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കൊരു സംരംഭരൂപം നല്‍കാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു സ്‌നേഹയ്ക്ക്. ഒടുവില്‍ കൈരുചി എന്ന പേരില്‍ ചെറിയൊരു തുടക്കം. പിന്നീടു വളര്‍ച്ച കൈവരിച്ചപ്പോള്‍ സാമ്പാര്‍ സ്റ്റോറീസ് എന്ന പേരു നല്‍കി കുതിപ്പു തുടര്‍ന്നു. സുഗന്ധവ്യഞ്ജനങ്ങളും കറിക്കൂട്ടുകളും ചട്‌നി പൗഡറും കോഫി പൗഡറും അച്ചാറുകളുമൊക്കെയായി സാമ്പാര്‍ സ്റ്റോറീസിന്റെ ജൈത്രയാത്ര തുടരുന്നു. പ്രകൃതിദത്തമായ കൃത്രിമമായി യാതൊന്നും ചേരാത്ത കൂട്ടുകള്‍ എന്നതു തന്നെയാണ് സാമ്പാര്‍ സ്റ്റോറീസിനെ ഏറെ ജനപ്രിയമാക്കിയത്.

2013ലാണു സ്‌നേഹിയുടെ സംരംഭത്തിനു തുടക്കം കുറിക്കുന്നത്. കൈരുചി എന്നതായിരുന്നു ആദ്യത്തെ പേര്. തുടക്കത്തില്‍ എല്ലാ കൂട്ടുകളും തനിയെയായിരുന്നു ഒരുക്കിയിരുന്നത്. ഇന്ന് ഈ ബ്രാന്‍ഡിന്റെ പേരില്‍ രണ്ടായിരത്തിലധികം പ്രൊഡക്റ്റുകള്‍ വിപണിയില്‍ എത്തുന്നു. അതില്‍ അമ്പതിലധികം ഉല്‍പ്പന്നങ്ങള്‍ തീര്‍ത്തും പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് ഉത്പാദിപ്പിക്കുന്നതാണ്.

കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ സ്‌നേഹ പല വലിയ കമ്പനികളിലും ജോലി നോക്കിയിരുന്നു. പിന്നീടാണു സ്വന്തം മോഹം സാക്ഷാത്കരിക്കാന്‍ തുനിഞ്ഞിറങ്ങിയത്. വീടിന്റെ ഗ്യാരേജ് ഒരു ചെറിയ യൂണിറ്റായി രൂപമാറ്റം വരുത്തിയായിരുന്നു തുടക്കം. ഇന്നു ബംഗളൂരുവില്‍ സ്വന്തമായൊരു റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുണ്ട്. കൂടാതെ സമീപത്തെ കടകളിലും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നു. ഏറ്റവുമധികം കച്ചവടം നടക്കുന്നത് ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ്.

തനതു രുചി നിലനിര്‍ത്തുന്ന കൂട്ടുകള്‍ ലഭ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോഴാണ് ഈ സംരംഭവുമായി മുന്നോട്ടിറങ്ങിയത്. ഇന്നും ഒരു കൂട്ടൊരുക്കിയാല്‍ അതിനു വീട്ടുകാരുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ വിപണിയില്‍ അവതരിപ്പിക്കാറുള്ളൂ. എല്ലാ രുചികള്‍ക്കും ഒരു കഥ പറയാനുണ്ട് എന്നാണു സ്‌നേഹയുടെ വിശ്വാസം. ആളുകള്‍ക്ക് സ്വന്തം വീടിന്റെ ഓര്‍മയുണര്‍ത്തുന്ന രുചി നല്‍കുകയാണ് സ്‌നേഹയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ആ രുചി ഒരിക്കല്‍ അറിഞ്ഞാല്‍പ്പിന്നെ വിട്ടുകളയാന്‍ തോന്നുകയില്ല. സാമ്പാര്‍ സ്റ്റോറീസിന്റെ വിജയരഹസ്യവും അതുതന്നെയാണ്.

സാമ്പാര്‍ സ്റ്റോറീസിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം :-

https://www.sambarstories.com/

Leave a Reply

Your email address will not be published. Required fields are marked *